Back to Home

ഖുര്‍ആന്‍ നാളെയുടെ കൂടി ഗ്രന്ഥമാണ്: പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ നാളെയുടെ കൂടി ഗ്രന്ഥമാണെന്നും അതിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിരവധി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരാന്‍ കാരണമായിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കോഴിക്കാട് കാലിക്കറ്റ് ടവറില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ഖുര്‍ആനിനോടും ഇസ്‌ലാമിനോടുമുള്ള ആളുകളുടെ എതിര്‍പ്പിന്റെയും ശത്രുതയുടെയും കാരണം അതിനെ കുറിച്ച അജ്ഞതയും തെറ്റിധാരണയുമാണെന്നും ഖുര്‍ആനെ മനസ്സിലാക്കിയവര്‍ക്ക് അതിന്റെ ശത്രുക്കളാവാന്‍ സാധിക്കില്ലെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ഖുര്‍ആനെ വിമര്‍ശന ബുദ്ധിയോടെ സമീപിച്ച് പിന്നീട് അതിന്റെ വക്താക്കളായി മാറിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. സാങ്കേതിക വിദ്യ വളരെയേറെ വളര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഖുര്‍ആന്റെ പ്രചരണത്തിനും നാമത് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഖുര്‍ആന്റെ അനുയായികളെന്ന് പറയുന്നവര്‍ പോലും അത് മനസ്സിലാക്കുന്നതില്‍ പിന്നോട്ടടിച്ചിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഡിഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തി സംസാരിച്ചു. സോഫ്റ്റ് വെയറിന്റെ ആദ്യ കോപ്പി സിദ്ദീഖ് ഹസന്‍ സാഹിബില്‍ നിന്നും ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ഏറ്റുവാങ്ങി. ഡോ. ഇ.കെ അഹമ്മദ് കുട്ടി, എഞ്ചിനീയര്‍ മമ്മദ് കോയ, ഇ.കെ.എം പന്നൂര്‍, സി.ടി. സക്കീര്‍ ഹുസൈന്‍, ടി.കെ. ഉബൈദ്, സഫിയ അലി, പി. റുക്‌സാന, സി. ദാവൂദ്, സി.കെ മുഹമ്മദ് നജീബ് തുടങ്ങിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തഫ്ഹീം സോഫ്റ്റ് വെയര്‍ പ്രൊജക്ട് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സ്വാഗതവും ഡിഫോര്‍ മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എ. നാസര്‍ നന്ദിയും പറഞ്ഞു.

സൗദി അറേബ്യ കെ.ഐ.ജി (കേരള ഇസ്‌ലാമിക് ഗ്രൂപ്പ്)ന്റെ സാമ്പത്തിക പിന്തുണയോടെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫോര്‍ മീഡിയയാണ് തഫ്ഹീമുല്‍ ഖുര്‍ആന്റെ സോഫ്റ്റ് വെയര്‍ പതിപ്പ് തയ്യാറാക്കിയത്.


കടപ്പാട്‌:www.islamonlive.in